കൊളോൺ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കൊളോൺ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ നിറസാന്നിധ്യമായിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി സണ്ണി സെബാസ്റ്റ്യൻ ഇളപ്പുങ്കൽ (77) അന്തരിച്ചു.
കൊളോൺ റോൺഡോർഫിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: മേരി സണ്ണി അയർക്കുന്നം താഴത്തുകുന്നേൽ കുടുംബാംഗം. മക്കൾ: തോംസൺ (കമ്പ്യൂട്ടർ എൻജിനിയർ), ഡോ. ജെയ്സൺ, സോണിയ സണ്ണി. മരുമകൾ: അനിത. സഹോദരൻ: ജോൺ സെബാസ്റ്റ്യൻ ഇളപ്പുങ്കൽ.
സംസ്കാര വിവരങ്ങൾ
വിടവാങ്ങൽ (Farewell): ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ. (Bestattungshaus Engelmann, Ringstrasse 33, 50996 Koeln).
സംസ്കാര ശുശ്രൂഷകൾ: ജൂൺ അഞ്ചിന് രാവിലെ 11.30ന് റോൺഡോർഫിലെ വി. പൂജരാജാക്കന്മാരുടെ ദൈവാലയത്തിൽ വി. കുർബാനയോടുകൂടി ആരംഭിക്കും. (Heilige Drei Könige, Hahnenstrasse 21, 50997 Koeln).
സംസ്കാരം: ജൂൺ അഞ്ചിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊളോൺ റോൺഡോർഫ് സെമിത്തേരിയിൽ (Friedhof Koeln-Rondorf, Giesdorferstr., 50997 Koeln).
കൊളോൺ കേരള സമാജത്തിന്റെ ഭരണസമിതി അംഗമായി നീണ്ടവർഷക്കാലം സ്പോർട്സ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.
നല്ലൊരു സ്പോർട്സ്മാൻ ആയിരുന്ന സണ്ണി, കൈരളി കലാസമിതി, ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്, ബയ്യന്താൾ കുടുംബക്കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
വോളിബോൾ, ബാഡ്മിന്റൺ കളികളിലും രണ്ടു തവണ മാരത്തൺ ഓട്ടത്തിൽ (42.195 കി.മീ) ദൂരം പിന്നിട്ടും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊളോണിലെ ഇന്ത്യൻ കൂട്ടായ്മയുടെ ഫ്രെയിസൈറ്റ് ഗ്രൂപ്പിലും 56 ചീട്ടുകളിയിൽ ആശാനുമായിരുന്നു.
കൊളോണിലെ കറുത്ത മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ വി. അൽഫോൻസാമ്മയുടെ ചിത്രം സ്ഥാപിച്ച് പ്രാർഥനയും നൊവേനയും നടത്താൻ സണ്ണിയാണ് മുൻകൈയെടുത്ത് പ്രവർത്തിച്ചത്.